കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്നവർക്ക് ആറു മാസം വരെ തടവ് ദില്ലി ഹൈക്കോ​ടതിയുടെതാണ് വിധി

ദില്ലി: കത്വയിൽ കൂട്ടബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ പേര് വെളിപ്പെടുത്തുന്നവർക്ക് ആറു മാസം വരെ തടവ് ശിക്ഷയെന്ന് ദില്ലി ഹൈക്കോടതി. പേര് പറഞ്ഞ മാധ്യമ സ്ഥാപനങ്ങൾ 10 ലക്ഷം രൂപ അടക്കണവെന്ന് കോടതി വിധിച്ചു. തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകും. സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി. 

പീഡനക്കേസ് പ്രതികളെ അനുകൂലിച്ച മന്ത്രിമാര്‍ക്ക് പിന്നാലെ, ജമ്മു കശ്മീരിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവച്ചു. കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളെ ന്യായീകരിച്ചതിന് ബി.ജെ.പിയിലെ രണ്ട് മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി ഉൾപ്പടെ മുഫ്തി മന്ത്രിസഭയിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും പാര്‍ടി സംസ്ഥാന അദ്ധ്യക്ഷന് രാജികത്ത് കൈമാറിയത്. മന്ത്രിമാരുടെ പുനഃസഘടനയാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന. കത്വസംഭവം സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിനേറ്റ ഏറ്റവും വലിയ നാണക്കേടാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികൾ സര്‍ക്കാരുകൾ സ്വീകരിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. 

കത്വ, ഉന്നാവോ സംഭവങ്ങളിൽ പ്രധാനമന്ത്രിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും ഇന്ന് രംഗത്തെത്തി. മറ്റുള്ളവരെ ഉപദേശിക്കുന്ന നരേന്ദ്ര മോദി ഉപദേശങ്ങൾ സ്വയം നടപ്പിക്കാൻകൂടിശ്രമിക്കണമെന്ന് മൻമോഹൻസിംഗ് ആവശ്യപ്പെട്ടു. കത്വയിലെ പെണ്‍കുട്ടിയുടെ ഗ്രാമം മുസ്ളീം ലാഗ് നേതാക്കൾ സന്ദര്‍ശിച്ചു. ബക്കര്‍വാൾ സമുദായത്തിന്‍റെ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.

പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കശ്മീരിലെ അനന്ദ്നാഗിൽ വിദ്യാര്‍ത്ഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് നോട്ടീസ് കിട്ടിയ എല്ലാ മാധ്യമ സ്ഥാപനങ്ങളും 10 ലക്ഷം രൂപ പിഴ അടക്കണമെന്ന് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നൽകും. ഇനി പേര് വെളിപ്പെടുത്തിയാൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുംകോടതി നൽകി.