Asianet News MalayalamAsianet News Malayalam

കത്വ: തെറ്റുകാരല്ലെന്ന് പ്രതികള്‍ കോടതിയില്‍, സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ മകള്‍

  • കത്വ: തെറ്റുകാരല്ലെന്ന് പ്രതികള്‍ കോടതിയില്‍, സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ മകള്‍
Kathua rape murder case All eight accused plead not guilty next hearing on April 28

ദില്ലി: ജമ്മു കശ്‍മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ തെറ്റുകാരല്ലെന്ന് പ്രതികള്‍ കോടതിയില്‍. നിരപരാധിത്തം തെളിയിക്കാന്‍  നാര്‍കോ പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.  വാദം ഏപ്രില്‍ 28ന് തുടരും. പ്രായപൂര്‍ത്തിയാകാത്ത ആളടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രത്യേകം കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളുടെ വാദം പ്രത്യേകം നടക്കും.  അതേസമയം നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും കേസ് സിബിഐ അന്വേഷിച്ച് സത്യം പറുത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രധാന പ്രതിയും ദേവിസ്ഥാനിന്‍റെ കാര്‍മികനുമായ സന്‍ജി റാമിന്‍റെ മകള്‍ മധു ശര്‍മ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ്  ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു.

റവന്യു ഉദ്യോഗസ്ഥനായി വിരമിച്ച സന്‍ജി റാമാണ് സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനി. സന്‍ജിറാം കാര്‍മികനായ ക്ഷേത്രത്തിലായിരുന്നു ബലാത്സംഗം നടന്നത്.  സ്പെഷ്യല്‍ പൊലീസ് ഓഫീസറായിരുന്ന ദീപക് ഖജൂറിയ, സുരേന്ദര്‍ വെര്‍മ, അയാളുടെ സുഹൃത്ത് മന്നു എന്ന പര്‍വേശ് കുമാര്‍,  സന്‍ജിറാമിന്‍റെ മരുമകന്‍ (പ്രായപൂര്‍ത്തിയായിട്ടില്ല) സന്‍ജിറാമിന്‍റെ മകന്‍ ശമ്മ എന്നറിയപ്പെടുന്ന വിശാല്‍  ജന്‍ഗോത്ര എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.  മുതിര്‍ന്ന അഭിഭാഷകനായ അന്‍കുഷ് ശര്‍മയാണ് മുഖ്യപ്രതി സന്‍ജിറാമിനായി ഹാജരാകുന്നത്.  വിവാദമായ കേസ് വാദിക്കുന്നതിനായി രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios