തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ 2 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നടുറോഡില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതികളെ കുടുക്കാന്‍ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്

ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി കാട്ടാക്കട മൊളിയൂര്‍ റോഡിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാട്ടാക്കട സ്വദേശിയും ദേശാഭിമാനി ഏജന്‍റുമായ ശശികുമാറാണ് ആക്രമണത്തിന് ഇരയായത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ശശികുമാറിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. വീണിടത്തുനിന്ന് എണീറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പു ദണ്ഡ് ഓങ്ങി അക്രമി സംഘം പിന്നാലെ . 

ഓടിച്ചിട്ട് അടിച്ച് പരിക്കേൽപ്പിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണ്ണായക തെളിവായത്. എസ്.ഡി.പി ഐ.പ്രവർത്തകരായ യുവാക്കളാണ് പിടിയിലായത്. നേമം പുതിയ കാരയ്ക്കാമണ്ഡപം സ്വദേശിയായ അൽ അമീൻ(28 ), അർഷാദ് (25 ) എന്നിവരാണ് അറസ്റ്റിൽ ആയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു