തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചു. 88 വയസായിരുന്നു. കുറച്ച് കാലമായി ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയായിരുന്ന ഹരിശ്രീയിലാണ് അന്ത്യം. കാവാലത്തിന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ വീട്ടിനോട് ചേര്‍ന്ന സോപാനം നാടകകളരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാത്രിവരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന കാവാലത്തിന്‍റെ മൃതദേഹം. തിങ്കളാഴ്ച രാത്രിയോടെ ജന്മദേശമായ കാവാലത്തെക്ക് കൊണ്ടുപോകും. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച കാവാലത്ത് നടക്കും.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.
വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി 40 ഓളം സിനിമകള്‍ക്ക് ഗാനങ്ങൾ എഴുതി. വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി. സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
