ആലപ്പുഴ കളർകോഡ് സ്വദേശി രാജമ്മ (60), മകന്‍ അനില്‍കുമാർ(35) അവരുടെ ചെറുമകൻ മിഥുൻ (6) എന്നിവരാണ് മരിച്ചത്

ആലപ്പുഴ: കായംകുളത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ആലപ്പുഴ കളർകോഡ് സ്വദേശി രാജമ്മ (60), മകന്‍ അനില്‍കുമാർ(35) അവരുടെ ചെറുമകൻ മിഥുൻ (6) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ 6.30 ന് നഗരത്തിലെ കാളാത്ത് നിന്നും ബൈക്കില്‍ യാത്ര പുറപ്പെട്ട മൂവര്‍സംഘത്തെ കായംകുളം കറ്റാനത്തുവച്ച് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കായംകുളം ഗവ.ആശുപത്രിയില്‍ മൂവരേയും എത്തിച്ചുവെങ്കിലും രാജമ്മയും മിഥുനും ഇവിടെവച്ച് മരിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന അനില്‍ കുമാറിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും മൂന്നുമണിയോടെ അനില്‍ കുമാറും മരണത്തിന് കീഴടങ്ങി. രാജമ്മയ്ക്കും മിഥുനും തലയ്ക്ക് ആഴത്തിലേറ്റ മുറിവും അനില്‍കുമാറിന് വൃക്കയ്‌ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

പത്തനംത്തിട്ട അടൂരില്‍ മകളുടെ വീട് നിർമ്മിക്കുന്നത് കാണാന്‍ യാത്രതിരിച്ചതായിരുന്നു മൂവരും. മരിച്ച രാജമ്മ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പാര്‍ട്ട് ടൈം ജീവനക്കാരിയും അനില്‍ കുമാര്‍ പബ്ലിംങ് തൊഴിലാളിയുമാണ്. മൂവരുടേയും മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 11 ന് കാളാത്ത് വാര്‍ഡിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.