കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വില വര്‍ദ്ധന മരവിപ്പിക്കാനുള്ള വാണിജ്യ -വ്യവസായ വകുപ്പിന്റെ തീരുമാനത്തിനെതിരെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. അഴിമതിക്കും കരിഞ്ചന്തയ്‌ക്കും കാരണമാകുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധന മരവിപ്പിക്കാനുള്ള വാണിജ്യ, വ്യവസായ മന്ത്രി ഡോ. യൂസഫ് അല്‍ അലിയുടെ തീരുമാനത്തിനെതിരേ കുവൈറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്ഡ് ഇന്‍ഡസ്ട്രീസാണ് രംഗത്തെത്തിയിരിക്കുന്നത്.
ആക്ടിംഗ് പ്രധാനമന്ത്രി ഷേഖ് സാബാ അല്‍ ഖാലിദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചെയര്‍മാന്‍ അലി തുന്യന്‍ അല്‍ ഖാനിമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കെസിസിഐയുടെ എതിര്‍പ്പും അതൃപ്തിയും രേഖപ്പെടുത്തി. അവശ്യസാധനങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന രാജ്യത്ത് വിലവര്‍ധന മരവിപ്പിക്കുന്ന നടപടി ചാപല്യമാണെന്ന് പ്രതിനിധിസംഘം അറിയിച്ചു.
അഴിമതിക്കും കരിഞ്ചന്തയ്‌ക്കും കാരണമാകുന്ന തീരുമാനം പുനഃപരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി.സി.ഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അവശ്യസാധനങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സേവനങ്ങളുടെയും വിലവര്‍ധന തടഞ്ഞ് വാണിജ്യ-വ്യാവസായ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.
