ലോകത്തെവിടെയുമുള്ള മലയാളി സമൂഹത്തില്‍ ജനപ്രതീയിലും വിശ്വാസ്യതയിലും ഒന്നാമതുള്ള ഏഷ്യാനെറ്റ് ന്യൂസ്, രണ്ട് പതിറ്റാണ്ട് പിന്നിട്ട വേളയിലാണ് കീര്‍ത്തിമുദ്ര പുരസ്കാരം സമ്മാനിക്കുന്നത്. വ്യത്യസ്ഥ മേഖലകളില്‍ മികവ് തെളിയിച്ച 45 വയസില്‍ താഴെയുള്ളവര്‍ക്കാണ് പുരസ്കാരം. സമൂഹത്തിന് മുഴുവന്‍ മാതൃകയും പ്രചോദനവുമായ ആയ ആറുപേര്‍... രാഷ്‌ട്രീയ രംഗത്തുനിന്ന് വി.ടി ബല്‍റാമാണ് പുരസ്കാര ജേതാവ്. സാഹിത്യ രംഗത്ത് സുഭാഷ് ചന്ദ്രനും സംഗതത്തില്‍ വൈക്കം വിജയലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷിനാണ് കായിക രംഗത്തെ മികവിനുള്ള കീര്‍‍ത്തി മുദ്ര പുരസ്കാരം. കാര്‍‍ഷിക രംഗത്തുനിന്ന് സിബി കല്ലിങ്കലും പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്വ ഹ‍രീഷ് വാസുദേവനും തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷക പങ്കാളിത്തത്തോടെ വിദഗ്ദ്ധ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

നാളെ രാവിലെ 11.30ന് കൊച്ചി ഇടപ്പള്ളിയിലുള്ള മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കരങ്ങള്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം. പ്രൊഫസര്‍ കെ.വി തോമസ് എം.പി, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, മേയര്‍ സൗമിനി ജയിന്‍, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍, ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ്, എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.