ദില്ലി: മാനനഷ്ടക്കേസിൽ കെജ്റിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന് 4 കോടി രൂപ നൽകണമെന്ന ദില്ലി സർക്കാരിന്റെ നിർദ്ദേശം വിവാദത്തിൽ. ബില്ലിനെക്കുറിച്ച് ലെഫ് ഗവർണർ നിയമോപദേശം തേടിയതോടെ കെജ്റിവാളിന് വേണ്ടി സൗജന്യമായി ഹാജരാകുമെന്ന് രാം ജെഠ്മലാനി വ്യക്തമാക്കി.

കേന്ദ്രമന്ത്രി അരുൺ ജെയറ്റിലി നൽകിയ മാനനഷ്ടക്കേസിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന് വേണ്ടി പ്രമുഖ അഭിഭാഷകൻ രാം ജെഠ്മലാനി ഹാജരായത്. കേസ് ഏറ്റെടുക്കാൻ ഒരു കോടി രൂപയും ഓരോ പ്രവശ്യം ഹാജരാകുന്നതിനും 22 ലക്ഷം രൂപയുമാണ് ജെഠ്മലാനിയുടെ ഫീസ്. അഭിഭാഷകന് പണം നൽകണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടുവെങ്കിലും പണം നൽകുന്നതിനെക്കുറിച്ച് ലെഫ് ഗവർണർ അനിൽ ബയ്ജാൽ സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടി. ഇതാണ് രാം ജെഠ്മലാനിയെ ചൊടിപ്പിച്ചത്. സർക്കാർ പണം നൽകിയില്ലെങ്കിൽ സൗജന്യമായി ഹാജരാകുമെന്ന് രാം ജെഠ്മലാനി പറഞ്ഞു. വിവാദത്തിന് പിന്നിൽ അരുൺ ജെയ്റ്റിലിയാണ്. തന്റെ വിസ്താരത്തെ ജെയ്റ്റിലിയ്ക്ക് പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വ്യക്തിപരമായ കേസിന് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തുപയോഗിക്കരുതെന്ന് ബി ജെ പി പ്രതികരിച്ചു. പൊതുഖജനാവിലെ പണം എ എ പി സർക്കാർ സ്വകാര്യആവശ്യത്തിന് ഉപയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു. അതേസമയം ബി ജെ പിയുടെ ആരോപണത്തെ പ്രതിരോധിച്ച് മുതിർന്ന എ എ പി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തെത്തി. വ്യക്തിപരമായ കേസല്ലെന്നും ക്രിക്കറ്റിലെ അഴിമതിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് കേസെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.