രാജ്യത്ത് നടക്കുന്ന വലിയ ഗൂഢാലോചനയെക്കുറിച്ച് ഇന്ന് നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. കോഴ ആരോപണങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കൃത്യമായി മറുപടി നല്‍കിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മുന്‍ മന്ത്രി കപില്‍ മിശ്രയും അഭിപ്രായപ്പെട്ടു. സി.ബി.ഐയില്‍ ഹാജരായി കപില്‍ മിശ്ര കെജ്‍രിവാളിനെതിരെ തെളിവ് കൈമാറി.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് നിയമഭ തെരഞ്ഞെടുപ്പിലെ വലിയൊരു ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തത്. സൗരഭ് ഭരദ്വാജ് എം.എല്‍.എ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ സഭയില്‍ വയ്‌ക്കും. വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ചുള്ള വെളിപ്പെടുത്താലാണെന്നാണ് സൂചന. കോഴ ആരോപണത്തെക്കുറിച്ച് സഭയില്‍ സംസാരിക്കുമെന്നായിരുന്നായിരുന്നു ഇന്നലെ കെജ്‍രിവാളിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെക്കുറിച്ച് കെജ്‍രിവാള്‍ ഇന്ന് മൗനം പാലിച്ചു. കെജ്‍രിവാളിനെതിരെ സി.ബി.ഐയില്‍ ഹാജരായി മുന്‍ മന്ത്രി കപില്‍ മിശ്ര തെളിവ് കൈമാറി. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് പറഞ്ഞ കപില്‍ മിശ്ര, മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാന്‍ കെജ്‍രിവാളിനെ വെല്ലുവിളിച്ചു.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ കെജ്‍രിവാളിന് രണ്ട് കോടി രൂപ കോഴ കൈമാറിയെന്ന ആരോപണം ആദായ നികുതി വകുപ്പും പരിശോധിക്കും. മന്ത്രിമാരുടെ വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കും. രാജി ആവശ്യപ്പെട്ട് കെജ്‍രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
