കാട്ടിലെ മൃഗങ്ങളെ ചികിത്സിക്കാൻ ഒരു സംഘം!
വളർത്തുമൃഗങ്ങൾക്ക് അസുഖമോ മറ്റോ വന്നാൽ നമ്മൾ അവരെ മൃഗാശുപത്രിയിലെത്തിക്കും. എന്നാൽ കാട്ടിനുള്ളിൽ മുറിവേറ്റ് കിടക്കുന്ന മൃഗങ്ങൾക്ക് ആരെയാണ് ആശ്രയിക്കാൻ കഴിയുക? കെനിയയിൽ അനിമൽ റൈറ്റ്സ് റിസർവ് ആണ് ആ ജോലി ചെയ്യുന്നത്.
നാല് പേരാണ് കെനിയയിലെ കാട്ടിനുള്ളിലെ മുറിവേറ്റ ജീവികളെ രക്ഷിക്കാനായി ഒന്നിക്കുന്നത്. വന്യമൃഗങ്ങൾക്ക് വേണ്ടിയുള്ള മൊബൈൽ സെക്യൂരിറ്റി പെട്രോൾ വിംഗ്.തലവൻ മൃഗഡോക്ടറാണ്. രണ്ട് അസിസ്റ്റന്റുമാരും ഒരു ഡ്രൈവറും. നായാട്ടുസംഘത്തിന്റെ പിടിയിൽ അകപ്പെടുന്നവയും മറ്റ് മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റവയുമായ മൃഗങ്ങളെ ആണ് അവർ പ്രധാനമായും ചികിത്സിക്കുന്നത്. രാവിലെ തുടങ്ങുന്നു ആ യാത്ര.
ഗ്ലൗസും, പ്രഥമശുശ്രൂഷയ്‍ക്ക് വേണ്ട മരുന്നുകളും മറ്റ് ഉപകരണങ്ങളുമാണ് ഇവരുടെ കിറ്റിലുള്ളത്. മുറിവേറ്റ മൃഗം അത് ചിലപ്പോൾ സീബ്രയോ, പാമ്പോ, സിംഹമോ ഒക്കെയാകാം എന്ന് ഇവർ പറയുന്നു. നായാട്ടുകാരുടെ കയ്യിലകപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാൻ കൂടി ഇവർ സമയം കണ്ടെത്തുന്നുണ്ട്. കാടിനേയും കാട്ടിലെ മൃഗങ്ങളേയും സംരക്ഷിക്കുന്നത് ജോലി മാത്രമായല്ല, ജീവിതലക്ഷ്യം ആയിട്ടാണ് ഇവർ കരുതുന്നത്.
