തിരുവനന്തപുരം: വിജയം ഉറപ്പെന്ന് ആത്മവിശ്വാസവുമായി മൂന്നു മുന്നണികളും. മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് നേടി വീണ്ടും അധികാരത്തിലെത്താമെന്ന് യു.ഡി.എഫും കണക്കു കൂട്ടുന്നു. അക്കൗണ്ട് തുറക്കലിന് അപ്പുറത്തേയ്ക്കുള്ള ജയമാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്
നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും, ഇതാണ് ഇടതുമുന്നണി പ്രതീക്ഷ. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് മുന്നണി വിലയിരുത്തൽ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിൽ വമ്പന്‍ മുന്നേറ്റമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. മധ്യകേരളത്തിലും മുന്നേറ്റമുണ്ടാകും.
യു.ഡി.എഫിന്‍റെ പരമ്പരഗത വോട്ടുകള്‍ ഇടത്തേയ്ക്ക് ചായുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യം തങ്ങളുടെ പരമ്പരാഗത വോട്ടിൽ വിള്ളൽ വീഴ്ത്തുന്നത് തടയിടാനായി എന്നാണ് ഇടതു ആത്മവിശ്വാസം.
അതേ സമയം പരമ്പരാഗത വോട്ടുകളൊന്നും പക്ഷം മാറില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. സിറ്റിങ് സീറ്റുകള്‍ പോയാലും പകരം ഇടതു സിറ്റിങ്ങ് സീറ്റുകളിൽ വിജയിച്ച് ആ കുറവ് നികത്താം. മധ്യകേരളത്തിൽ വലിയ മുന്നേറ്റവും തെക്കൻ കേരളത്തിൽ കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റും മലബാറിൽ തല്‍സ്ഥിതിയും തുടരുമെന്നാണ് കണക്കൂ കൂട്ടൽ. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് യു.ഡി.എഫിന്‍റെ വിലയിരുത്തൽ.
അതേ സമയം കേവലം അക്കൗണ്ട് തുറക്കൽ മാത്രമല്ലെന്നാണ് എൻ.ഡി.എയുടെ മറുപടി. നിയമസഭയിൽ കാര്യമായ അംഗബലമുണ്ടാകുമെന്ന അവര്‍ കണക്കു കൂട്ടുന്നു. മൂന്നു മേഖലകളിലും സീറ്റുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് നില കുത്തനെ കൂടും. തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ വോട്ടുകള്‍ ഒന്നു പോലും ചോരാതെ പെട്ടിയിലെത്തിക്കണമെന്നാണ് മുന്നണി തീരുമാനം. ഇരുമുന്നണികള്‍ക്കുമെതിരായ വികാരം സംസ്ഥാനത്തുണ്ടെന്നാണ് എൻ.ഡി.എ വിലയിരുത്തൽ.
