തിരുവനന്തപുരം: കേരളത്തിലെത്തിയാൽ മദനിയ്ക്ക് സുരക്ഷയൊരുക്കാൻ സന്നദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തിൽ കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിഡിപി നേതാക്കളെ അറിയിച്ചു. അതിനിടെ കര്‍ണാടക സര്‍ക്കാർ ആവശ്യപ്പെടുന്ന ഭാരിച്ച സുരക്ഷാ ചെലവ് വഹിക്കാനാകില്ലെന്ന് കാണിച്ച് മദനി നാളെ സുപ്രീം കോടതിയെ സമീപിക്കും.
ഓഗസ്റ്റ് ഒന്ന് മുതൽ പതിനാല് വരെയാണ് പരോൾ. പക്ഷെ സുരക്ഷാ ചെലവിനത്തിൽ ചെലവാകുന്ന 14,79875 രൂപ മദനി നൽകണമെന്നാണ് കര്‍ണാടക സർക്കാറിന്റെ ആവശ്യം. അസുഖ ബാധിതയായ അമ്മയെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനുമാണ് പരോളെങ്കിലും ഇത്ര വലിയ തുക നൽകാനില്ലെന്നാണ് മദനിയുടെ നിലപാട്. മദനി കേരളത്തിലെത്താതിരിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നും ഭാരിച്ച സുരക്ഷാ ചെലവ് ഒഴിവാക്കാൻ കര്‍ണാടക സര്‍ക്കാറുമായി കേരളം ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനം പിഡിപി നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകി.
സുരക്ഷാ ചെലവ് വഹിക്കാൻ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പകരം കേരളത്തിലെത്തിയാൽ കര്‍ണാടകാ പൊലീസിനെ ഒഴിവാക്കി മദനിയുടെ സുരക്ഷാ ചുമതല കേരളാ പൊലീസ് ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. അതിനിടെ സുരക്ഷാ ചെലവ് താങ്ങാനാകില്ലെന്ന് മദനി സുപ്രീംകോടതിയെയും അറിയിക്കും. ഇക്കാര്യത്തിൽ നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. മദനിയുടെ മാതാപിതാക്കളും നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
