നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28-ന് വിരമിക്കും എന്നിരിക്കെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് കേരളം വിടേണ്ടി വരും

ദില്ലി: നിലവിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം സംസ്ഥാനത്തിന്റെ വര്‍ണറായി നിയമിച്ചതോടെ കേരള ബിജെപിയുടെ അധ്യക്ഷനായി പുതിയൊരാള്‍ എത്തുമെന്ന് ഉറപ്പായി. കുമ്മനത്തിന്റെ പിന്‍ഗാമിയെ അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കും എന്നാണ് ബിജെപി കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ വലിയ വെല്ലുവിളികളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28-ന് വിരമിക്കും എന്നിരിക്കെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് കേരളം വിടേണ്ടി വരും. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. 

മുരളീധരന്‍പക്ഷവും കൃഷ്ണദാസപക്ഷവും എന്നിങ്ങനെ രണ്ടായി തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് 2015-ല്‍ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നായിരുന്നു ആര്‍എസ്എസ് താത്പര്യം കൂടി കണക്കിലെടുത്ത് അമിത് ഷാ കുമ്മനത്തെ ബിജെപിയിലേക്ക് കൊണ്ടു വന്നത്. അത്തരമൊരു നീക്കം അമിത് ഷാ ഇക്കുറിയും നടത്തുമോ എന്നത് കണ്ടറിയണം. 

നിലവില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളില്‍ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്,സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍പ്പിള്ള...എന്നിവര്‍ ഇതിനോടകം ബിജെപി അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരാണ്. അതല്ല പുതിയൊരാളെയാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്‍,കെ.പി.ശ്രീശന്‍.... തുടങ്ങിയ സീനിയര്‍ നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കാം. അതല്ല ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നോ ഇതരസംഘപരിവാര്‍ സംഘടനകളില്‍ നിന്നോ ഒരാള്‍ വന്നാലും അത്ഭുതപ്പെടാനില്ല. 

അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ കേരളഘടകത്തെ അവഗണിക്കുന്നു എന്ന പരാതിയ്ക്ക് കുമ്മനത്തിന്റെ സ്ഥാനാരോഹണത്തോടെ താല്‍കാലികമായി അവസാനമായേക്കും. മോദി-അമിത്ഷാ സഖ്യം സംസ്ഥാന ബിജെപി നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി ശക്തമായിരുന്നു.ആദ്യം സുരേഷ് ഗോപിയെ രാജ്യസഭ എംപിയാക്കിയ കേന്ദ്ര നേതൃത്വം അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ മാസം വി മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി രാജ്യസഭയില്‍ എത്തിച്ചു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.