കോഴിക്കോട്: സംസ്ഥാനത്ത് കോഴി ഇറച്ചി വിലയില്‍ ആശയക്കുഴപ്പം. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയില്‍ കെപ്കോ വിലയ്ക്ക് കോഴി ഇറച്ചി വില്‍ക്കുമെന്ന് കച്ചവടക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലയില്‍ കോഴി വില്‍ക്കാനാവില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി.

രണ്ട് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ് ഐസക് കോഴിക്കോട്ട് കോഴിഇറച്ചി വ്യാപാരികളുമായി വീണ്ടും ചര്‍ച്ച നടത്തിയത്. കോഴിയിറച്ചി കിലോഗ്രാമിന് കെപ്കോ വിലയായ 158 രൂപക്ക് വില്‍ക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരികള്‍ സമ്മതിച്ചു.ജീവനുള്ള കോഴിയെ വില്‍ക്കുന്നതിനുള്ള ധാരണ മന്ത്രി അറിയിച്ചത് ഇങ്ങനെ.

കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള ചിക്കന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ധാരണകള്‍ അംഗീകരിച്ചതായി വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് കോഴി വില്‍ക്കാനാവില്ലെന്ന് പോള്‍ട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ജീവനുള്ള കോഴി കിലോയ്ക്ക് 130 രൂപയ്ക്കും കോഴി ഇറച്ചി 180 രൂപയ്ക്കും വില്‍ക്കാമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ കോഴി ഇറച്ചി 158 രൂപക്ക് വില്‍ക്കാമെന്ന് സമമ്തിക്കുന്ന പോള്‍ട്രി ഫെഡറേഷന്‍ ജീവനുള്ള കോഴിക്ക് നിശ്ചയിച്ച വില അംഗീകരിച്ചിട്ടില്ല.