Asianet News MalayalamAsianet News Malayalam

പൊലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

kerala cm against those who try to make problems in police force
Author
Thiruvananthapuram, First Published Nov 1, 2018, 9:32 AM IST

തിരുവനന്തപുരം: പൊലീസ് സേനയിൽ പോലും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്.

പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചുമതല ലഭിച്ച ഐജി മനോജ് എബ്രാഹാമിനെതിരെയാണ് വ്യാപകമായി ചിലര്‍ പ്രചാരണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് ശബരിമല വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൂടാതെ, കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണന്‍ മനോജ് എബ്രാഹാമിനെ പൊലീസ് നായയെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഐജിയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. 

Follow Us:
Download App:
  • android
  • ios