പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് എഴുന്നൂറ് കോടിയോളം രൂപ. ബുധനാഴ്ച ബാങ്കുകള്‍ തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്‍റെ കണക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 677.84 കോടി രൂപ. പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി. ദുരിതാശ്വ നിധിയിലെ പോര്‍ട്ടലിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ന് മാത്രമെത്തിയത് നാലു കോടി രൂപ. 

വിവിധ സംസ്ഥാനങ്ങളും സംഘടനകളും പ്രഖ്യാപിച്ച തുക ലഭ്യമാകുന്നതേയുളളൂ. ബാങ്ക് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായെത്തിയ പണത്തിന്‍റെ കണക്കുകള്‍ ബുധനാഴ്ച മാത്രമെ ലഭ്യമാകൂ. ഇതുകൂടി ചേരുന്നതോടെ ദുരിതാശ്വാസ നിധി ആയിരം കോടിയെത്തുമെന്നാണ് ധനവകുപ്പിന്‍റെ കണക്ക്. 

ഓഗസ്റ്റ് ഒന്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്‍റെ ഒഴുക്കും വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും സന്പന്നമാകുമെന്നാണ് സൂചന.