തിരുവനന്തപുരം: കേരളാ കോൺഗ്രസ് ആര്‍ ബാലകൃഷ്ണ പിള്ള വിഭാഗം ഇടതുമുന്നണിയിലേക്ക്. സ്കറിയാ തോമസിന്‍റെ കേരളാ കോൺഗ്രസിൽ ലയിച്ചാണ് ബാലകൃഷ്ണ പിള്ള മുന്നണിയിലെത്തുക. ലയന തീരുമാനം ഔദ്യേഗികമായി അറിയിക്കാൻ ഇരുവരും ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. ആര്‍ ബാലകൃഷ്ണ പിള്ളയുടെ പാർട്ടി ഇടതുമുന്നണി പ്രവേശം കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

പുതിയ അംഗമായി മുന്നണിയിലേക്ക് എത്താനാകില്ലെന്ന്  നേതൃത്വം ഉറപ്പിച്ചു പറഞ്ഞതോടെയാണ് നിലവിൽ ഇടുതുമുന്നണിയുടെ ഭാഗമായ സ്കറിയാ തോമസിന്‍റെ കേരളാ കോൺഗ്രസിൽ ലയിക്കാനുള്ള തീരുമാനം. ബാലകൃഷ്ണപിള്ളക്ക് പാർട്ടിയുടെ ചെർമാൻ പദവി നൽകാനാണ് ആലോചന. അവസാന ഘട്ട ചർച്ചകൾക്ക് ശേഷം നാളെ പ്രഖ്യാപനം ഉണ്ടാകും. 

കൂടുതൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പാർട്ടി തൽക്കാലം മന്ത്രിസ്ഥാനം ചോദിക്കുന്നില്ലെന്നാണ് പറയുന്നത്. എങ്കിലും മന്ത്രിസഭാ പുനസംഘടന ഉണ്ടായാൽ പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ലയിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച ഫ്രാൻസിസ് ജോർജിന്‍റെ കേരള കോൺഗ്രസുമായും നേതൃത്വം ചർച്ച നടക്കുന്നുണ്ട്. 

ലോക്താന്ത്രിക്ക് ജനതാദൾ, ഐഎന്‍എല്‍ എന്നീ പാർട്ടികൾ മുന്നണിയലേക്ക് വരും എന്നത് ഏതാണ്ട് ഉറപ്പാണ്. വ്യാഴാഴ്ച നടക്കുന്ന മുന്നണി പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ പരാമാവധി സീറ്റെന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണിയുടെ നീക്കം.

ഇതിനിടെ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷനായി എംവി ശ്രേയാംസ് കുമാറിനെ നിയമിച്ചു. ദേശീയ പ്രസിഡൻറ് ഫത്തേ സിംഗാണ് ദില്ലിയിൽ ഇക്കാര്യം അറിയിച്ചത്. ദേശീയ സെക്രട്ടറി ജനറലായി വർഗീസ് ജോർജിനെയും നിയമിച്ചു. ജനതാദൾ യുണൈറ്റഡ് വിട്ട എംപി വീരേന്ദ്രകുമാർ വിഭാഗം, ദേശീയതലത്തിൽ ശരദ് യാദവിനൊപ്പം നില്‍ക്കുന്നവർ രൂപീകരിച്ച ലോക് താന്ത്രിക് ജനതാദളിൽ ചേരുകയായിരുന്നു.