കോട്ടയം: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യുഡിഎഫ് വിട്ടു. ചരല്‍ക്കുന്നില്‍ നടന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുടെ ക്യാമ്പിനെ തുടര്‍ന്നാണ് തീരുമാനം മാണി മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടിക്ക് ഇനി സ്വതന്ത്ര നിലപാടെന്ന് കെ എം മാണി പറഞ്ഞു. നേരത്തെ സ്റ്റിയറിംഗ് കമ്മിറ്റിയെ മാണി തീരുമാനം അറിയിച്ചു . നിയമസഭയിൽ ഒറ്റയ്ക്ക് നിൽക്കാനും കേരള കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാനതലത്തിൽ യുഡിഎഫ് സഹകരണമില്ല . പഞ്ചായത്തുകളിൽ നിലവിലെ സ്ഥിതി തുടരും . മൂന്ന് മുന്നണികളോടും സമദൂരം പാലിക്കും. കേന്ദ്രത്തില്‍ യുപിഎയ്ക്ക് പ്രശ്നങ്ങള്‍ നോക്കി പിന്തുണ നല്‍കും എന്നാണ് മാണി പറയുന്നത്.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. ഇനി സഹിക്കാന്‍ സാധിക്കില്ലെന്ന് മാണി പറഞ്ഞു. എല്‍ഡിഎഫിലേക്കും, എന്‍ഡിഎയിലേക്കും ഇല്ല സ്വതന്ത്ര്യമായി പ്രഖ്യാപിക്കും. തുഷര്‍ വെള്ളാപ്പള്ളിയുടെ എന്‍ഡിഎയിലേക്കുള്ള ക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടാല്‍ എല്ലാര്‍ക്കും സംസാരിക്കാന്‍ തോന്നും എന്ന് മാണി പ്രതികരിച്ചു.

നേരത്തെ ചരൽക്കുന്ന് യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുണ്ടായി. പാലായിൽ കെ എം മാണിയെ തോൽപിക്കാൻ എം എം ജേക്കബ് ശ്രമിച്ചെന്നും ഇതിനുളള തെളിവ് പാർട്ടിയുടെ കൈവശമുണ്ടെന്നുമാണ് ആരോപണം.