തിരുവനന്തപുരം: കേരള കോൺഗ്രസ് ബി-എൻസിപി ലയനത്തിനെതിരെ എൻസിപിയിൽ ഭിന്നത ശക്തം. ശശീന്ദ്രൻ വിഭാഗത്തിന് പിന്നാലെ തോമസ് ചാണ്ടി പക്ഷവും എതിർപ്പുയർത്തുന്നു. ലയനനീക്കം ഇന്നത്തെ ഭാരവാഹിയോഗത്തിൽ ചർച്ചയാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.പി പീതാംബരൻ പറഞ്ഞപ്പോൾ ശക്തമായി ഉന്നയിക്കുമെന്ന് ട്രഷറർ മാണി സി കാപ്പൻ പറഞ്ഞു.

പിള്ളയും ഗണേഷുമായുള്ള സഹകരണത്തിൽ എതിർപ്പ് ശശീന്ദ്രന് മാത്രമല്ല, ടി.പി പീതാംബരൻ മുൻകയ്യെടുത്ത ലയനചർച്ചകൾക്ക് തോമസ് ചാണ്ടിയുടെ പിന്തുണയുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ രഹസ്യനീക്കങ്ങൾ സംസ്ഥാന അധ്യക്ഷൻ ഒറ്റക്ക് നടത്തിയെന്നാണ് ചാണ്ടിപക്ഷം കുറ്റപ്പെടുത്തുന്നത്. പാർട്ടിയിൽ ആലോചിക്കാതെയുള്ള ചർച്ച ഭാരവാഹിയോഗത്തിന്റെ പ്രധാന അജണ്ടയാക്കണമെന്ന് തോമസ് ചാണ്ടി വിഭാഗത്തിലെ പ്രമുഖനായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു


ഒഴിവുള്ള മന്ത്രിസ്ഥാനത്തിനായി ശശീന്ദ്രവിഭാഗവും ചാണ്ടി പക്ഷവും തമ്മിൽ കടുത്ത മത്സരത്തിലാണ്. എന്നാൽ പുറത്തുനിന്നും ഗണേഷെത്തി മന്ത്രിയാകുന്നതിനെ ഇരുവിഭാഗവും എതിർക്കുന്നു. വിമർശനം ഉയരുന്ന സാഹചര്യത്തിൽ ടി.പി പീതാംബരൻ യോഗത്തിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ദേശീയ നേതൃത്വത്തെ അറിയിച്ചുകൊണ്ടായിരുന്നു.