കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇപാധ്യക്ഷന്‍ സി.എഫ് തോമസ്. എന്നാല്‍ ഏത് മുന്നണിയിലാണ് ചേരേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്തമായ സമയത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കെ.എം മാണിയുടെ മറുപടി.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കിയ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍, തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് വഴി എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുവെന്ന സൂചനയും നല്‍കി. ഒറ്റക്ക് നില്‍ക്കാനുള്ള ചരല്‍കുന്നിലെ തീരുമാനമാണ് നിലവിലുള്ളതെന്ന സി.എഫ് തോമസിന്റെ വിശദീകരണം മറ്റ് ചര്‍ച്ചകള്‍ക്കൊന്നും പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. 13ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു. സി.എഫ് തോമസിന്റെ അഭിപ്രയത്തെ മാണി തള്ളിപ്പറഞ്ഞില്ല. മുന്നണി പ്രവേശം സംബന്ധിച്ച് ജോസഫ് വിഭാഗത്തിന്റെ നിലപാടിനൊപ്പമാണ് സി.എഫ് തോമസും. ഇവരുടെ നിലപാട് മനസിലാക്കിയാണ് ഇടത് മുന്നണിയുടെ മദ്യനയത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് കെ.എംമാണി രംഗത്തെത്തിയത്.
