സംസ്ഥാനത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വെടിക്കെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിരോധിത രാസവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന് സര്‍ക്കുലര്‍ വിശദീകരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ 222 ഇടങ്ങളില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. 

ഈ പശ്ചാത്തലത്തിലാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, സൂര്യകാന്തി എന്നിവയ്ക്ക് അനുമതി നിഷേധിച്ചത്. ശബ്ദ തീവ്രത കൂടിയ ഇനങ്ങള്‍ ഉപയോഗിക്കുന്നത് പ്രത്യേക അനുമതി തേടണം. വെടിക്കെട്ട് നടത്തണമെങ്കില്‍ പ്രദേശത്തിന്‍റെ ശാസ്ത്രീയ അപകടാ സാധ്യതാ പഠനം നടത്തണം. ദുരന്ത നിവാരണ സംവിധാനങ്ങളെപ്പറ്റി ജില്ലാ ഭരണ കൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. 

രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമുമിടയില്‍ർ വെടിക്കെട്ട് പാടില്ല. സര്‍ക്കുലറിന്‍റഎ പകര്‍പ്പ് പൂരം സംഘാടകരായ ദേവസ്വങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. നൂറിലേറെപ്പേരുടെ ജീവന്‍ അപഹരച്ച പുറ്റിങ്ങല്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് എക്സ്പ്ലോസീവ് വിഭാഗം നിയന്ത്രണം കര്‍ശനമാക്കിയത്.