ദില്ലി: പുതിയ ഡിസിസി അധ്യക്ഷന്മാരായി ഗ്രൂപ്പ് നോമിനികൾ വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഡിസിസി അധ്യക്ഷന്മാർക്ക് പ്രായപരിധി ഏർപ്പെടുത്തും. പുന:സംഘടനയിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പുന:സംഘടനയുടെ ഭാഗമായി 14 ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ഹൈക്കമാൻഡ് തീരുാമാനം.

ഡിസിസി തലത്തിൽ മാത്രം പുന:സംഘടനയുണ്ടാകാനാണ് സാധ്യത.പുതിയ അധ്യക്ഷൻമാരെ ഗ്രൂപ്പ് നോക്കി നിയമിക്കരുത്.ഗ്രൂപ്പ് വീതം വയപ്പ് ഒഴിവാക്കാൻ 21 അംഗ രാഷ്ട്രീയ കാര്യ സമിതിയുടെ ആദ്യ യോഗം മറ്റന്നാൾ യോഗം ചേരും. പ്രായപരിധി ഉൾപ്പെടെയുള്ള നിബന്ധനകൾ രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്തേക്കും. യുവാക്കൾക്ക് പ്രാമുഖ്യം നൽകിയായിക്കണം പുന:സംഘടനയെന്നും എഐസിസി നിർദ്ദേശിച്ചു.

നിയമനങ്ങളിൽ താഴെത്തട്ട് മുതലുള്ള പ്രവർത്തനമികവ് മാനദണ്ഡമാക്കണം. പുന:സംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെ വി തോമസ് എംപി കേരളത്തിന്‍റെ ചുമതലയുടെ എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി.