തിരുവനന്തപുരം: സംസ്ഥാനത്തെ വരൾച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവിൽ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതൽ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും.

കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവർഷമാണ് കടന്നുപോയത്. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തന്നെ സർക്കാർ രൂപം നൽകും. മഴ കുറയുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേർന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു.

വരൾച്ചാ പ്രതിരോധത്തിന് കർമ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കർമ്മ പരിപാടിക്കാണ് സർക്കാർ രൂപം നൽകുക. കാലവർഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവൻ തുലാവർഷത്തിലാണ്.