തിരുവനന്തപുരം: ഐപിഎസ് തസ്തികളിലേക്ക് ഉദ്യോഗസ്ഥരുടെ പേരുകള്‍ നിർദ്ദേശിക്കാതെ സംസ്ഥാനത്തിന്‍റെ ഒളിച്ചു കളി. 2015-16 വർഷങ്ങളിൽ കേരളത്തിന് അനുവദിച്ച 17 ഐപിഎസ് തസ്തികയിലേക്ക് ഇതുവരെ സംസ്ഥാനം പട്ടിക നൽകിയില്ല. പട്ടികയിലുള്ള ആരോപണവിധേയരായ ചില ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് കിട്ടുന്നത് വരെ വൈകിപ്പിക്കാനാണ് ഒളിച്ചുകളി.

2015 ൽ സംസ്ഥാന പോലീസിൽ നിന്നും ഐപിഎസ് നൽകാൻ കേന്ദ്രം പരിഗണിക്കുന്നത് നാല് എസ്പിമാരെ. നാലു ഒഴിവിലേക്ക് 12 പേരുകളാണ് സംസ്ഥാനം ശുപാർശ ചെയ്യേണ്ടത്. 2015 മെയ് മാസത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ പേരുകളും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യ റിപ്പോർട്ടുമെല്ലാം പൊലീസ് ആസ്ഥാനത്തുനിന്നും ആഭ്യന്തരവകുപ്പിലെത്തി. പട്ടികയിലുള്ള ഉദ്യോഗസ്ഥരെല്ലാം വിരമിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഐപിഎസ് പട്ടിക കേന്ദ്രത്തിന് നൽകിയിട്ടില്ല. 2016ലെയും സ്ഥിതി വ്യത്യസ്തമല്ല.

അനുവദിച്ചത് 13 ഒഴിവുകള്‍. 33 ഉദ്യോഗസ്ഥരുടെ പട്ടിക ഒരു വർഷമായി ആഭ്യന്തരവകുപ്പിൻറെ പരിഗണനിയിലാണ്. ഇതിൽ സർവ്വീസിലുള്ളത് 6 പേർ മാത്രം. വിവിധ അന്വേഷണവും കോടതി നടപടികളും നേരിടുന്നവർ പട്ടികയിലുണ്ട്. സർക്കാറിന് താല്പര്യമുള്ള ഇത്തരക്കാരുടെ കേസുകൾ തീരാൻ വേണ്ടി മന:പ്പൂർവ്വം പട്ടിക നൽകാതെ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം,

അയൽസംസ്ഥാനങ്ങളെല്ലാം കൃത്യമായി പട്ടിക നൽകി ഉദ്യോഗസ്ഥർക്ക് ഐപിഎസ് നേടിക്കൊടുക്കുമ്പോഴാണ് അ‍ർഹരായവർക്ക് പോലും അവസരം നിഷേധിച്ചുകൊണ്ടുള്ള കേരഴളസർക്കാരിന്‍റെ ഒത്തുകളി.