തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയവരിലും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരിലും ഭൂരിപക്ഷവും ജപ്തി ഭീഷണിയിൽ . ലക്ഷങ്ങളുടെ കട ബാധ്യതയാണ് ഓരോരുത്ത‍ർക്കുമുള്ളത്. സംസ്ഥാനത്തെ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പാ കുടിശിക 1274 കോടിയാണ് . സ്വാശ്രയത്തിന്‍റെ കാൽ നൂറ്റാണ്ടിലൂടെ ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടർ യാത്ര തുടരുന്നു.

രജനി എസ് ആനന്ദ് . ഒരു സാധാരണക്കാരന് താങ്ങാനാകാത്ത ഫീസ് കേരളത്തിന്‍റെ മേൽ കെട്ടിവച്ച സ്വാശ്രയ വിദ്യാഭ്യാസ രീതിയുടെ ആദ്യ ഇര. രജനിയുടെ അമ്മയ്ക്ക് ഇന്ന് തോരാ കണ്ണീര്‍ മാത്രം. എഞ്ചിനീയറിങ് സ്വപ്നങ്ങൾ അകലെയാണെന്ന് തിരിച്ചറിഞ്ഞ വേദനയിൽ 2004 ജൂലൈ 22 ന് രജനി ജീവനൊടുക്കി .

കടൽ പോലെ പ്രക്ഷുബ്ധമാണ് അഭിലാഷിന്‍റെയും പ്രവീണിന്‍റെയും മനസ്. ഇരുവരും മേരി മാതാ എഞ്ചിനീയറിങ് കോളജിലെ പൂര്‍വിദ്യാര്‍ഥികൾ. പൂവാര്‍ എസ്.ബി.ടിയിൽ നിന്ന് വായ്പയെടുത്തായിരുന്നു പഠനം. അഞ്ചു വര്‍ഷം മുന്പ് മെക്കാനിക്കൽ എഞ്ചിനീയറിങ് പാസായി .പക്ഷേ വായ്പാ തിരിച്ചടിവിന് പോലും തികയുന്ന ശന്പളമുള്ള ജോലി കിട്ടിയില്ല. 

അഭിലാഷിനെയും പ്രവീണിനെയും പോലെ അശാന്തമായ കടൽ ഉള്ളിൽ പേറുന്നവര്‍ ഇനിയും എത്രയോ പേര്‍ .വായ്പ തിരിച്ചടവ് മുടങ്ങി മുതലും പലിശയും പലിശയ്ക്ക് പലിശയും ചേര്‍ത്ത് ലക്ഷങ്ങളുടെ കട ബാധ്യതയുള്ളവര്‍ . സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ ഒടുവിലത്തെ കണക്കിൽ 1274 കോടിയാണ് വിദ്യാഭ്യാസ വായ്പ കുടിശിക.