തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷയ്ക്ക് തുടക്കം. കേരളത്തിനകത്തും പുറത്തും 351 കേന്ദ്രങ്ങളിലായി ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ ബുധനാഴ്ച തുടങ്ങും.

എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ പരീക്ഷയാണ് ആദ്യദിനം നടന്നത്.സംസ്ഥാനത്തിന് പുറത്ത് ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാവിലെ 9.30ന് പരീക്ഷാ നടപടികള്‍ തുടങ്ങി.ഹാള്‍ടിക്കറ്റ് പരിശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്.

മൊബൈല്‍ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.പരീക്ഷ നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രത്യേക നിരീക്ഷകരെയും ഓരോ കേന്ദ്രത്തിലും നിയോഗിച്ചു.ക്രമക്കേടുകള്‍ തടയാന്‍ ആവശ്യമെങ്കില്‍ ദേഹപരിശോധന നടത്താനും അനുമതി നല്‍കി.

നാളെ നടക്കുന്ന കണക്ക് പരീക്ഷയോടെ എഞ്ചിനീയറങ്ങ് പ്രവേശന പരീക്ഷ അവസാനിക്കും. മെഡിക്കല്‍ പ്രവേശനപരീക്ഷ ബുധന്‍,വ്യാഴം ദിവസങ്ങളിലാണ്.ആകെ ഒരു ലക്ഷത്തി അറുപത്തയ്യായിരം പേരാണ് ഈ വര്‍ഷത്തെ അപേക്ഷകര്‍.ഇതില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ എഞ്ചിനീയറങ് പരീക്ഷയും ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം പേര്‍ മെഡിക്കല്‍ പരീക്ഷയും എഴുതും.മെയ് 25നകം ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.