കോട്ടയം: സംസ്ഥാനത്തെ ഭൂരിപക്ഷം ട്രഷറികള്‍ക്കും ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് ഇന്നും നല്‍കിയില്ല .നോട്ട് ക്ഷാമം രൂക്ഷമായതോടെ പെന്‍ഷൻ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്. ചിലയിടങ്ങളിൽ എ.ടി.എമ്മുകളും കാലിയായി
ഇന്നലെത്തെപ്പോലെ തന്നെ ഇന്നും. ട്രഷറികള്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് കറന്‍സി വിതരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖകളിൽ നിന്ന് കിട്ടിയില്ല. കോട്ടയം ജില്ലാ ട്രഷറി ഒരു കോടി ചോദിച്ചെങ്കിൽ പത്തു ലക്ഷം കിട്ടി. കോട്ടയം ജില്ലയിലെ ട്രഷറികളെല്ലാം കൂടി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് ആറു കോടി 95 ലക്ഷം. കിട്ടിയത് ഒരു കോടി 49 ലക്ഷം മാത്രം. ഇതോടെ എല്ലാവര്‍ക്കും പെന്‍ഷൻ കിട്ടില്ല .
കോട്ടയം മേഖലയിൽ പത്തനം തിട്ട, ആലപ്പുഴ ജില്ലകളിലെ ട്രഷറികളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യമാസമായതും പ്രതിസന്ധി രൂക്ഷമാക്കി. ആദ്യ മാസമായതിനാൽ ട്രഷറിയിലേയ്ക്ക് വന്നത് കുറച്ചു വരുമാനം മാത്രമാണ്. കഴിഞ്ഞ ദിവസം 24 ട്രഷറികള്‍ക്ക് ഒരു പൈസ പോലും റിസര്‍വ് ബാങ്ക് നല്‍കിയിരുന്നില്ല.
ബാങ്ക് വഴി ശമ്പളം മാറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം മാറ്റിയിട്ടുണ്ട്. എന്നാൽ ചില മേഖലകളിൽ എ.ടി.എമ്മുകളിൽ പണമില്ല. ശമ്പള പരിഷ്കരണ കുടിശികയും ആദ്യ ഗഡു ജീവനക്കാര്‍ക്കും പെന്‍ഷൻകാര്‍ക്കും സര്‍ക്കാര്‍ നല്‍കേണ്ട മാസമാണിത്. എന്നാൽ നോട്ട് ക്ഷാമവും വരുമാനക്കുറവും ഇത് പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
