തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ കളക്ട്രേറ്റില്‍ എത്തിച്ച സാധനങ്ങൾ സൂക്ഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷന്‍ ഹാളില്‍ സൂക്ഷിക്കാൻ വിസമ്മതിച്ചുവെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. ഹാൾ പിന്നീട് ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്തുവെന്നും അവിടെ സാധനങ്ങൾ സൂക്ഷിച്ചുവെന്നും വൈകീട്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം  ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം വേറെ താഴിട്ടുപൂട്ടി. പ്രളയത്തിൽ ദുരന്തമനുഭവിക്കുന്നവർക്കായി നാടൊട്ടാകെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതിനിയിലാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്‍റെ നിഷേധ നിലപാട്.

താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും നോട്ടീസ് നൽകിയ ശേഷം ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകാൻ തയാറായെന്നും കലക്ടർ ടി.വി.അനുപമ രാത്രിയിൽ അറിയിച്ചു.  സിവില്‍ സ്റ്റേഷനിലെ തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികളാണ് കളക്ടര്‍ ഒഴിപ്പിച്ചെടുത്തത്. 

പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പ്

താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും നോട്ടീസ് നൽകിയ ശേഷം ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകാൻ തയാറായെന്നും കളക്ടർ ടി.വി.അനുപമ രാത്രിയിൽ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ വിവാദങ്ങൾക്കും തർക്കങ്ങൾക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. താക്കോൽ ലഭ്യമാകാതിരുന്നതിനാലാണ് ഹാൾ തുറന്നുകൊടുക്കാത്തതെന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഔദ്യോഗികമായി അറിയിച്ചപ്പോൾ ഹാൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ കളക്ടറോട് സംസാരിച്ചശേഷം അറിയിച്ചു.