മലയോര മേഖലയിൽ പ്രതിസന്ധി നീങ്ങുന്നു. മൂന്നാറിൽ നിന്ന് വെള്ളം ഇറങ്ങി. വാ‍ർത്ത വിനിമയബന്ധങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു. അതേസമയം ദുരിത്വാശ്വാസ ക്യാമ്പുകളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നത് വൈകുന്നുണ്ട്.

ഇടുക്കി: മലയോര മേഖലയിൽ പ്രതിസന്ധി നീങ്ങുന്നു. മൂന്നാറിൽ നിന്ന് വെള്ളം ഇറങ്ങി. വാ‍ർത്ത വിനിമയബന്ധങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു. അതേസമയം ദുരിത്വാശ്വാസ ക്യാമ്പുകളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നത് വൈകുന്നുണ്ട്.

കനത്ത മഴയും ഉരുൾപൊട്ടലും സൃഷ്ടിച്ച പ്രളയക്കെടുതിയിൽ നിന്ന് മലയോര മേഖല മോചിതമാവുകയാണ്. തുർച്ചയായ മൂന്ന് ദിവസത്തിന് ശേഷം മൂന്നാറിൽ മഴ ശമിച്ചു. മുതിരപ്പുഴയാറിൽ ജലനിരപ്പ് താഴ്ന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ മൂന്നാറിലേക്കുള്ള പ്രധാന പാതയായ കൊച്ചി_ധനുഷ്കോടി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ധനക്ഷാമമുണ്ടെങ്കിലും മൂന്നാറിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിട്ടില്ല. മേഖലയിൽ അടിമാലിയിലാണ് ഏറ്റവും അധികം ദുരിതാശ്വാസ ക്യാന്പുകളുള്ളത്.

ചെറുതോണി, ചേലച്ചുവട്, കരിന്പിൻ തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലേക്കുള്ള വഴികളിൽ മണ്ണിടിഞ്ഞത് നീക്കുന്നതിനുള്ള ജോലികളും ഊർജിതമായി പുരോഗമിക്കുന്നു. സൈന്യത്തിന്‍റെ കൂടുതൽ സംഘം ഇടുക്കിയിൽ എത്തിയിട്ടുണ്ട്. ഇരുഭാഗത്ത് നിന്നും മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ ജില്ല ആസ്ഥാനമായ പൈനാവ് ഒറ്റപ്പെട്ടു. ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലമൊഴുക്ക് കുറച്ചതിനാൽ താഴ്ന്ന പ്രദേശങ്ങളായ തടിയന്പാട്, കീരിത്തോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. വാർത്ത വിനിമയ ബന്ധങ്ങൾ തകരാറിലായി ഒറ്റപ്പെട്ട ദേവികുളം, മറയൂ‍ർ, കാന്തല്ലൂ‍ർ എന്നിവടങ്ങളിൽ മൊബൈൽ നെറ്റ്‍വർക്ക് പുനസ്ഥാപിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നതായി ബിഎസ്എൻഎൽ അറിയിച്ചു.