പ്രളയക്കെടുതിയില്‍ തിരിച്ചടിയായത് അസാധാരണ മഴയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും 'അതിത്രീവ്ര മഴ'യുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തിരിച്ചടിയായത് അസാധാരണ മഴയെന്നും ഡാമുകള്‍ തുറന്നുവിട്ടതല്ല അതിശക്തമായ മഴയാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് മുഖ്യകാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും 'അതിത്രീവ്ര മഴ'യുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള ഡാം സേഫ്റ്റി അതോറ്റിറ്റി 2006-ല്‍ ആണ് നാം രൂപീകരിച്ചത്. അവര്‍ എല്ലാ മാസവും യോഗം ചേരുകയും കാര്യങ്ങള്‍ പരിശോധിക്കകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും ഈ യോഗം ചേര്‍ന്നിട്ടുണ്ട്. കാലാവസ്ഥാ പ്രവചനത്തില്‍ ശരിയായ മാതൃക അല്ല ഇവിടെ അവലംബിച്ചിട്ടുള്ളത്. കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പിന്‍റെ മാനദണ്ഡം അനുസരിച്ച് 12 മുതല്‍ 20 സെമീ മഴ പെയ്താല്‍ അത് അതിശക്തമായ മഴയാണ് അതിലേറെ മഴ പെയ്താല്‍ അത് അതിതീവ്രമഴയാണ്.
എന്നാല്‍ ഇങ്ങനെയൊരു മഴ പെയ്യുമെന്ന് മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 8 മുതല്‍ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടു. ആഗസ്റ്റ് 9 മുതല്‍ 15 വരെ 9.85 സെമീ മഴ പ്രവചിച്ചു. എന്നാല്‍ 35.22 സെമീ മഴയാണ് കേരളത്തില്‍ പെയ്തത്. ഇതനുസരിച്ച് ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. പെരിയാറില്‍ മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കി ഡാമില്‍ 2370 ഡാം അടി വെളളമെത്തിയാല്‍ മാത്രമേ അതു തുറന്നുവിടാന്‍ പറ്റൂ. കാലവര്‍ഷക്കാലമായ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് എട്ട് വരെ സാധാരണമഴയില്‍ 15 ശതമാനം മാത്രമാണ് അധികം കിട്ടിയത്. ഓഗസ്റ്റ് 1 മുതല്‍ ഏഴ് വരെയുള്ള ആഴ്ചയില്‍ കേരളത്തില്‍ പെയ്ത മഴ സാധാരണ പ്രവചിക്കുന്നതിലും ഇരട്ടിയാണ്. ആഗസ്റ്റ് 13 മുതല്‍ 19 വരെയുള്ള ആഴ്ച്ചയില്‍ 362 ശതമാനം വര്‍ധനയാണ് മഴയില്‍ രേഖപ്പെടുത്തിയത് 528 ശതമാനം അധികമഴ ഇടുക്കിയില്‍ പെയ്തു.
ആഗസ്റ്റ് 1 മുതല്‍ നാല് വരെ ഇടുക്കി അണക്കെട്ടി ജലനിരപ്പ് അല്‍പം ഉയര്‍ന്നു. ഒന്നാം തീയതി 2395.8 ആയിരുന്നത് ആഗസ്റ്റ് നാലായപ്പോഴേക്കും 2396.4 അടിയായി. എന്നാല്‍ പിന്നീട് സ്ഥിതി മാറി ആഗസ്റ്റ് ഒന്‍പതിന് മാത്രം രണ്ടടി ജലനിരപ്പ് ഉയര്‍ന്നു. ഇതോടെയാണ് ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടായത്. ആഗസ്റ്റ് 11 കര്‍ക്കിടക വാവ് ആയിരുന്നു, കൂടുതല്‍ വെള്ളം കടലിലേക്ക് എത്തിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ തുറന്നു വിടുന്ന കാര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയെ അപ്പോള്‍ തന്നെ വിവരമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ബാണാസുരസഗര്‍ ഡാം ആദ്യം തുറന്നു വിടുന്നത് ജൂലൈ 15 വരെയാണ്. ആഗസ്റ്റ് അഞ്ചിന് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു. എന്നാല്‍ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതോടെ ആഗസ്റ്റ് ഏഴിന് രാവിലെ ആറര മണിയോടെ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. എന്നാല്‍ ശക്തമായ മഴ തുടര്‍ന്നതോടെ ഷട്ടര്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തി കൊണ്ടു വരേണ്ടി വന്നു.
ഡാം തുറന്നതല്ല പ്രശ്നമെന്നും അതിലെ നടപടിക്രമങ്ങളിലെ പാളിച്ചയാണ് വിഷയമെന്നും ചെന്നിത്തല പറഞ്ഞു. ജില്ലാ കളക്ടറെ പോലും അറിയിക്കാതെ അര്‍ധരാത്രിയില്‍ ഡാം തുറന്ന് വെള്ളപ്പൊക്കമുണ്ടാക്കിയതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബാണാസുരസാഗറിലെ വെള്ളം വരാത്ത കല്‍പറ്റ അടക്കമുള്ള സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്നത് കബനി നദിയിലേക്കാണ്. 2270 ഘനമീറ്റര്‍ വെള്ളമാണ് ബാണസുരസാഗറില്‍ നിന്നും കബനിയിലേക്ക് ഒഴുകി വിട്ടത് എന്നാല്‍ കര്‍ണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്ക് സെക്കന്‍ഡില്‍ എത്തിയത് 19470 ഘനയടി വെള്ളമാണ് അതായത് ഡാമിലെ വെള്ളത്തിലും പലമടങ്ങ് മഴയിലൂടെ എത്തിയെന്ന് വ്യക്തം
അച്ചന്‍കോവിലാര്‍,ചാലിയാര്‍,മീനച്ചിലാര്‍ തുടങ്ങി ഡാമുകള്‍ ഇല്ലാത്ത നദികളിലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഇതെല്ലാം മഴ പെയ്തുണ്ടായ വെള്ളമാണ് കേരളത്തിലെ എല്ലാ നദികളും ഈ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. കേന്ദ്രജലകമ്മീഷന്‍ ഡാമുകള്‍ തുറന്നു വിട്ടതില്‍ അപാകതയില്ലെന്നാണ് പറഞ്ഞത്.
