പ്രളയ ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശസന്ദര്‍ശനം പ്രതിസന്ധിയില്‍. ധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ആയില്ല. വിദേശ പ്രതിനിധികളുമായി ചര്‍ച്ചയരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം.  

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശ യാത്ര പ്രതിസന്ധിയില്‍. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പക്ഷേ മന്ത്രിമാരുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 18 മുതലാണ് മുഖ്യമന്ത്രിയുടെും മന്ത്രിമാരുടെയും വിദേശ യാത്ര നിശ്ചയിച്ചിട്ടുളളത്. 

പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി . വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുളള അനുമതി. 18 മുതല്‍ ദുബായ്, അബുദാബി, ഷാര്‍ജ്ജ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. 18 മുതല്‍ ഒരാഴ്ചത്തെ അമേരിക്ക സന്ദര്‍ശനം നിശ്ചയിച്ച ധനമന്ത്രി തോമസ് ഐസക്കിനും 21 മുതല്‍ കുവൈറ്റ് സന്ദര്‍ശനം നിശ്ചയിച്ച വ്യവസായമന്ത്രി ഇ.പി ജയരാജനും അടക്കം 17 മന്ത്രിമാര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം, കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതിക്ഷയെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. 

മലയാളികള്‍ കൂടുതലുളള വിദേശ രാജ്യങ്ങളില്‍ അവിടുത്തെ അവധിദിവസങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം ക്രമീകരിച്ചത്. വിദേശ സന്ദര്‍ശനം വഴി 5000 കോടി രൂപ വരെ സമാഹരിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി.എന്നാല്‍ മന്ത്രിമാര്‍ ഒരുമിച്ച് ധനസമാഹരണത്തിന് പോകുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്‍റെ കടുത്ത നിലപാടെന്നാണ് സൂചന.

വിദേശ യാത്രയുടെ കാര്യത്തില്‍ മാത്രമല്ല, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന വിഷയത്തിലും കേന്ദ്രം കടുംപിടുത്തം തുടരുകയാണ്. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച് ലോകബാങ്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തോളമായിട്ടും ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.