കേരളത്തിലേക്ക് ആര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാര്‍ത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.
ദില്ലി: കേരളത്തിലേക്ക് ആര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാര്‍ത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.
കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ തുടര്‍ച്ചയായി രണ്ടാം ദിനമാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്. കേരളത്തിലെ ചീഫ് സെക്രട്ടറിക്കു പുറമെ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായും കാബിനറ്റ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചു. നിലവില്‍ 339 മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇതിനു പുറമെ സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്‌ത്ര സേനാ ബല്‍ എന്നീ വിഭാഗങ്ങളുടെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും.
യെലഹങ്കയില്‍ നിന്നും നാഗ്പൂരില്‍ നിന്നും ഹെലികോപ്റ്ററുകള്‍ കേരളത്തിന് നല്കും. 23 ഹെലികോപറ്ററുകളും 11 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം ലിറ്റര്‍ കുടിവെള്ളം ഉള്‍പ്പടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ഒരു പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും. കരസേനയുടെ നൂറു പേര്‍ വരെയുള്ള പത്ത് സംഘങ്ങള്‍ കേരളത്തിലുണ്ട്. ദുരന്തനിവാരണ സേനയുടെ 43ഉം. കൂടുതല്‍ സൈനികരെ അയയ്‌ക്കാനാണ് ധാരണ. 1220 കോടി രൂപയുടെ സഹായം നേരത്തെ കേരളം കേന്ദ്രത്തോട് തേടിയിരുന്നു.
പ്രധാനമന്ത്രി എത്തുമ്പോള്‍ ഉദാരസമീപനം കൈക്കൊള്ളണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കൊച്ചി നാവിക വിമാനത്താവളം സാധാരണവിമാനസര്‍വ്വീസിന് ഉപയോഗിക്കാമെന്ന് കാബിനറ്റ് സെക്രട്ടറി കേരളത്തെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ തകരാറിലായ സാഹചര്യത്തില്‍ വിസാറ്റ് ഉപയോഗിച്ചുള്ള ആശയവിനിമയം പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം.
