പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റെന്ന് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
തിരുവനന്തപുരം: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും വീണ്ടും അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ പ്രചരിക്കുന്നു. തിരുവനന്തപുരത്തെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററുകൾ ഓഗസ്റ്റ് 20 ന് പ്രവര്‍ത്തിക്കില്ലെന്ന സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം തെറ്റാണെന്ന് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ കളക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തേ മുല്ലപ്പെരിയാര്‍ പൊട്ടി, ഡാമിന് വിള്ളലുണ്ട്, ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ ആവശ്യമില്ല തുടങ്ങിയ നിരവധി വ്യാജ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാരും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
