സൈന്യം മടങ്ങിയിട്ടും കേരളാ പൊലീസിന് ജോലി തീരുന്നില്ല. ചെളി മൂടിയ വീടുകളും റോഡുകളും വൃത്തിയാക്കുന്നതടക്കമുള്ള ജോലികളുമായി മുപ്പതിനായിരത്തോളം പൊലീസുകാരാണ് ശുചീകരണ ദൗത്യത്തിനിറങ്ങിയിരിക്കുന്നത്. 

എറണാകുളം: പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കേരള പൊലീസിന് ഏറെ അഭിനന്ദനങ്ങളാണ് കിട്ടിയിരുന്നത്. അതിന് ശേഷം വീണ്ടും കയ്യടി നേടുകയാണ് കേരള പൊലീസ്. ചെളി മൂടിയ വീടുകളും റോഡുകളും വൃത്തിയാക്കുന്നതടക്കമുള്ള ജോലികളുമായി മുപ്പതിനായിരത്തോളം പൊലീസുകാരാണ് വിവിധ ജില്ലകളില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന സൈന്യം മടങ്ങിയിട്ടും കേരളാ പൊലീസിന് ജോലി തീരുന്നില്ല. എല്ലാം നഷ്ടപ്പെട്ടവരെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ദൗത്യമാണ് ഇപ്പോള്‍ ഇവര്‍ക്ക്. പറവൂര്‍ അമ്മാനത്ത് പള്ളത്തെ വീടുകള്‍ എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് വൃത്തിയാക്കിയത്.

2,36000 പേരെയാണ് പ്രളയകാലത്ത് പൊലീസ് രക്ഷപെടുത്തി ജീവിതത്തിലേക്കെത്തിച്ചത്. സ്റ്റേഷനും സ്വന്തം വീടുകളും വെള്ളത്തില്‍ മുങ്ങിനില്‍ക്കുമ്പൊഴായിരുന്നു സേനാംഗങ്ങളുടെ പ്രവര്‍ത്തനം. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പോലും താറുമാറായ ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ കാല്‍നടയായെത്തിയും രക്ഷാദൗത്യം നിറവേറ്റി. ആഭ്യന്തര വകുപ്പിന് സമീപകാലത്ത് തങ്ങളേല്‍പ്പിച്ച കളങ്കംകൂടി മായ്ക്കുകയായിരുന്നു പ്രളയകാത്ത് പൊലീസിന്റെ പ്രവര്‍ത്തനം.