പ്രളയത്തിൽ മുങ്ങി കുട്ടനാട്, രണ്ടേ മുക്കാൽ ലക്ഷം പേർ ക്യാമ്പുകളിൽ 

ആലപ്പുഴ: കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വീട് വിട്ട് വരാൻ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിയ്ക്കും. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ രണ്ടേ മുക്കാൽ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലു ള്ളത്. ഉടുതുണിയുമായി പ്രാണനായ മക്കളേയും കൈയ്യിലെടുത്ത് ഓടിയവർ. കരയ്ക്കെത്തി തിരി‍ഞ്ഞ് നോക്കുമ്പോൾ കണ്ണിൽ നിറയെ സർവ്വവും മുക്കിയ പ്രളയജലം മാത്രം.

കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാനാണ് സർക്കാർ തീരുമാനം. വന്നില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും. അടുത്ത ഘട്ടമായി ജംഗാറുകൾ ഉപയോഗിച്ച് വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും. ഒറ്റപ്പെട്ട മേഖലകളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാൻ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ അംഗങ്ങളേയും കൂട്ടിയാകും ഇന്നത്തെ രക്ഷാ പ്രവർത്തനം.