പ്രളയം വ്യവസായ മേഖലയ്ക്ക് വരുത്തി വെച്ചത് കനത്ത നഷ്ടം.  അരിമില്ലുകളുടെ കേന്ദ്രമായ കാലടിയിൽ  പ്രളയക്കെടുതി 160 കോടി രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. 

കൊച്ചി: പ്രളയം വ്യവസായ മേഖലയ്ക്ക് വരുത്തി വെച്ചത് കനത്ത നഷ്ടം. അരിമില്ലുകളുടെ കേന്ദ്രമായ കാലടിയിൽ പ്രളയക്കെടുതി 160 കോടി രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. ആയിരക്കണക്കിന് ചാക്കുകളിൽ ഉപയോഗശൂന്യമായ അരി കെട്ടിക്കിടക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു.

പെരിയാറിന്‍റെ തീരത്തുള്ള വീടുകൾക്കൊപ്പം പ്രദേശത്തുള്ള 30 അരിമില്ലുകളെയും പ്രളയമെടുത്തു. നാല് ദിവസം വെള്ളം കെട്ടിക്കിടന്ന അരിച്ചാക്കുകളിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ്. വൈകാതെ തന്നെ ഇത് പുഴുവരിക്കും.

സംസ്ഥാനത്തെ അരിമില്ലുകളുടെ സിരാകേന്ദ്രമാണ് കാലടി. പ്രദേശത്ത് തൊട്ട് തൊട്ട് നിൽക്കുന്ന മില്ലുകളിൽ മൂക്ക് പൊത്താതെ നിൽക്കാനാകില്ല. വെള്ളം കയറിയ യന്ത്രസാമഗ്രികൾക്കൊപ്പം ആയിരക്കണക്കിന് ചാക്കുകളും ഉപയോഗശൂന്യം.

നെല്ലുകളിൽ നിന്നെല്ലാം മുളപൊട്ടുന്നു. അരി പച്ചനിറമായി പൂപ്പലെടുത്തു. ടൺക്കണക്കിന് അരി എങ്ങനെ നീക്കം ചെയ്യുമെന്നത് അടുത്ത പ്രതിസന്ധി. തൊഴിലാളികളെയും കിട്ടാനില്ല. മാലിന്യം നീക്കി യന്ത്രസാമഗ്രികൾ ശരിയാക്കാൻ ഒരു മാസം സമയമെങ്കിലും വേണമെന്നാണ് മില്ലുടമകൾ പറയുന്നത്.