ഗതാഗതം പുനസ്ഥാപിക്കാനാകാതെ ഇടുക്കി. നിരവധി റോഡുകൾ ഗതാഗതയോഗ്യമായില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് റോഡുകൾ തകർത്തത്. റോഡ് നിർമാണത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം.
ഇടുക്കി: പ്രളയമൊഴിഞ്ഞ് മൂന്നാഴ്ചയായിട്ടും ഇടുക്കിയിലെ തകർന്ന റോഡുകളിലൂടെ ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനായില്ല. റോഡ് പുനർ നിർമാണത്തിന്
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഓഗസ്റ്റ് എട്ട് മുതൽ 15 വരെയുണ്ടായ വിവിധ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇടുക്കിയിലെ റോഡുകൾ നാമാവശേഷമാക്കി. ഡാമുകൾ തുറന്ന് പുഴകളിൽ വെള്ളം ഉയർന്നതോടെ പലയിടത്തും റോഡ് ഒലിച്ചുപോയി. പെരിയവാര പാലം തകർന്നതിനാൽ മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. അടിമാലി- മൂന്നാർ, അടിമാലി- കുമളി ദേശീയപാതകളിൽ രണ്ടാഴ്ചകൊണ്ട് സാധ്യമായത് ഒരുവരി ഗതാഗതം മാത്രം.
പഞ്ചായത്ത് റോഡുകളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടത്തും റോഡിരുന്ന പ്രദേശം തന്നെ ഇന്നില്ല. പഞ്ചായത്ത് റോഡുകൾ പുനർനിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സഹായം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പുനർനിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമാണെന്നും പാതകളെല്ലാം വൈകാതെ ഗതാഗത യോഗ്യമാകുമെന്നുമാണ് ജില്ലഭരണകൂടത്തിന്‍റെ നിലപാട്.
