സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമുകളും ഉള്‍പ്പെടും. ഓണം കഴിഞ്ഞ് സ്കൂള്‍ തുറന്നതോടെ യൂണിഫോമില്ലാതെ എങ്ങനെ പോകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

എന്നാല്‍ സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്നാണ് അറിയിപ്പ്. 

പ്രളയത്തോടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

പ്രളയബാധിത പ്രദേശങ്ങളിലെ 211 സ്കൂളുകള്‍ ഓണം അവധിയ്ക്ക് ശേഷം തുറന്നിട്ടില്ല. എന്നാല്‍ സെപ്തംബര്‍ മൂന്നിനകം മുഴുവന്‍ സ്കൂളുകളും തുറക്കും. സ്കൂള്‍ കലണ്ടര്‍ പുനഃക്രമീകരിക്കുന്ന കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.