ഏലം, കുരുമുളക്, ചുക്ക്, ഗ്രാമ്പൂ, ജാതിപ്രതി, ജാതിക്ക എന്നിവയുടെ വിലയിലാണ് വർധനവ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ മൊത്ത വ്യാപാരത്തെയും ചില്ലറ വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 

കൊച്ചി: പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വില 25 ശതമാനമായി വർധിച്ചു. ഏലം, കുരുമുളക്, ചുക്ക്, ഗ്രാമ്പൂ, ജാതിപ്രതി, ജാതിക്ക എന്നിവയുടെ വിലയിലാണ് വർധനവ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ മൊത്ത വ്യാപാരത്തെയും ചില്ലറ വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ നാവി മുംബൈയിലെ എപിഎംസി മാർക്കറ്റിലാണ് സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വ്യാപാരം നടക്കുന്നത്. പഞ്ചസാര, ശർക്കര, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ലോഡ് ചെയ്ത് മുന്നൂറോളം വാഹനങ്ങളാണ് ദിവസേന ഇവിടെനിന്നും പുറപ്പെടുന്നത്. എപിഎംസി മാർക്കറ്റിൽ നിലവിൽ ഒരു കിലോഗ്രാം കുരുമുളകിന് 3.5 മുതൽ 400 രൂപ വരെയാണ് വില. മൊത്തവ്യാപാര വിപണിയിൽ ഈ നിരക്ക് 100 രൂപയിൽ നിന്നും 150 രൂപയാക്കി ഉയർത്തുകയാണ്. മൊത്തവ്യാപാര വിപണിയിലെ വില വർധനവ് ചില്ലറ വ്യാപാരത്തെയും ബാധിക്കും. 

അപ്രതീക്ഷിതമായി അനുഭവപ്പെട്ട പ്രളയത്തെതുടർന്ന് കേരളത്തിൽ നിന്നും ഏലം, കുരുമുളക് എന്നിവയുടെ വിതരണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. പ്രളയത്തിൽ വൻ കൃഷി നാശ നഷ്ടമാണ് സംഭവിച്ചത്. ഇക്കാരണത്താൽ കേരളത്തിൽനിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നതിനായി സമയമെടുക്കും. അതിനാൽ സാധനങ്ങളുടെ വില ഇനിയും കൂടാൻ സാധ്യതയുണ്ട്. കൂടാതെ കേരളത്തിൽ നിന്നുമുള്ള തേങ്ങയുടെ വിതരണവും നല്ല തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് എപിഎംസി ‍ഡയറക്ടർ കീർത്തി റാണ വ്യക്തമാക്കി.