ആരാണെന്നറിയില്ല; മീനില്‍ വിഷം ചേർത്താലും നടപടിയില്ല

തിരുവനന്തപുരം: ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോർമാലിൻ കലർന്ന മീനുകൾ സംസ്ഥാനത്തെത്തിച്ചവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ല. ഫോർമാലിൻ കലർത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല. ആന്ധാപ്രദേശിൽ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീൻ രാവിലെ തന്നെ തിരിച്ചയക്കും.

ഓപ്പറേഷൻ സാഗരറാണിയുടെ രണ്ടാം ഘട്ടത്തിലാണ് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. വാളയാറിൽ നിന്ന് പിടിച്ചെടുത്ത ചെമ്മീനിൽ അപകടകരമായ അളവിൽ ഫോർമാലിൻ കലർന്നിരുന്നതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ ലോഡുകൾ സംസ്ഥാനത്തെത്തിച്ചവർക്കെതിരെ നിലവിൽ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ തീരുമാനം. മത്സ്യബന്ധന ബോട്ടിലോ, ഹാർബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തിൽ ഫോർമാലിൻ ചേർത്തതെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണം

റെയ്ഡുകൾ ശക്തമാക്കുന്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ അളവ് കുറയുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്കുകൂട്ടൽ. മത്സ്യത്തിൽ നിന്നും ഫോർമാലിൻ കണ്ടെത്തിയെന്ന സിഫ്റ്റിന്‍റെ റിപ്പോർട്ട് ആന്ധ്ര പ്രദേശ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ അറിയിക്കും. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.