മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഈ ഡോക്ടര്‍മാരുടെ അഭാവം കാര്യമായി ബാധിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം കണ്ടെത്തി

തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത് ജോലിക്ക് എത്താത്ത 36 മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സർക്കാർ മെഡിക്കൽ, ഡെന്റല്‍ കോളജുകളിലെ ഡോക്ടർമാരാണിത്. അമ്പതോളം ഡോക്ടർമാർ ജോലിക്കു ഹാജരാകുന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണവും നടപടിയും എടുത്തത്. 

മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഈ ഡോക്ടര്‍മാരുടെ അഭാവം കാര്യമായി ബാധിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം കണ്ടെത്തി. നടപടികളുടെ ഭാഗമായി നോട്ടിസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു. 

കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെയായിരുന്നു നടപടി. അവധിയെടുത്തു മുങ്ങിയ 50 ഡോക്ടർമാരിൽ 9 പേർ മാത്രമായിരുന്നു സർക്കാർ നൽകിയ നോട്ടിസിനോടു പ്രതികരിച്ചത്. സർക്കാർ വകുപ്പിൽ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോകുകയോ സ്വകാര്യ മേഖലയിൽ ജോലി തേടുകയോ ചെയ്ത ഡോക്ടർമാർക്കെതിരെയാണു നടപടി. 

ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചവർക്കു സർക്കാർ അതിന് അനുവാദം നല്‍കിയിരുന്നു. ബാക്കിയുള്ളവരെ പിരിച്ചുവിടുന്നതിൽ പിഎസ്‍സിയുടെ നിർദേശപ്രകാരമാണു നടപടി സ്വീകരിച്ചത്.