തിരുവനന്തപുരം: മന്ത്രിമാരുടെയുടെ വകുപ്പുകളുടേയും പ്രവർത്തനം ഇന്നും നാളെയുമായി മുഖ്യമന്ത്രി വിലയിരുത്തും . പദ്ധതികളുടെ ഓരോ ഘട്ടങ്ങളും സമയബന്ധിതമായി തീർക്കാനുള്ള തീരുമാനം കൂടിക്കാഴ്ചയിൽ ഉണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വിലയിരുത്തൽ ആദ്യം സ്വന്തം വകുപ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി തുടക്കമിടും. 

മുഖ്യമന്ത്രിയുടെ വകുപ്പുകളടക്കം ആറു മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള ചർച്ചയാണ് ആദ്യദിനം. അതാത് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും കൂടിക്കാഴ്ചക്കുണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അവലോകന റിപ്പോര്‍ട്ടും ഹാജരാക്കണം. ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനൊപ്പം വീഴ്ചകളും പദ്ധതി നിര്‍വ്വഹണത്തിലെ തടസങ്ങളും പ്രത്യേകം പരിഗണിക്കും. 

പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ എത്രശതമാനം ചെലവഴിച്ചു, അടുത്ത ക്വാ‍ട്ടറിൽ എത്രമാത്രം തുക ചെലവഴിക്കാനാകും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. ഒപ്പം ഓരോ വകുപ്പും പുതിയ പദ്ദതി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുകയും വേണം. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കുന്നുണ്ട്. 

വൻകിട പദ്ധതികളുടെ ഓരോ ഘട്ടവും പൂർത്തിയാക്കാനുള്ള സമയപരിധി നിശ്ചയിക്കും. ഓരോ ഘട്ടത്തിലെയും പുരോഗതി വിലയിരുത്താൻ പ്രത്യേക സോഫ്റ്റ് വെയർ കൊണ്ടുവരും. ആകെ 38 വകുപ്പുകളിലെ 114 പദ്ധതികളാണ് പരിശോധിക്കുന്നത് . നിരന്തര വിലയിരുത്തലോടെ പദ്ധതി നിർവ്വഹണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

അതേസമയം മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്വന്തം വകുപ്പുകൾക്ക് പൂജ്യം മാർക്കുള്ളപ്പോഴാണ് മുഖ്യമന്ത്രി മറ്റു മന്ത്രിമാർക്ക് മാർക്കിടുന്നതെന്ന് ചെന്നിത്തലപറഞ്ഞു