യുവാക്കൾക്കായി സർക്കാർ ജോബ് പോർട്ടൽ തുടങ്ങി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിലെ തൊഴിലന്വേഷകരായ യുവാക്കൾക്കൊരു സന്തോഷവാർത്ത. തൊഴിൽതേടി ഇനി ലോകം മുഴുവനും കറങ്ങി നടക്കേണ്ട. തൊഴില്‍ദാതാക്കളെയും അന്വേഷകരെയും ഒറ്റ ക്ലിക്കില്‍ കോര്‍ത്തിണക്കി അഭ്യസ്ത വിദ്യരായ യുവാക്കളെ ലക്ഷ്യമിട്ട് സർക്കാർ പുതിയ ജോബ് പോർട്ടൽ തുടങ്ങി. www.statejobportal.com എന്ന വെബ് സെെറ്റാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്.

തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍സാധ്യതകള്‍, തൊഴില്‍ദായകരുടെ ശരിയായ വിവരങ്ങള്‍ തുടങ്ങിയവക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്ന അവസരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്യും എന്നതാണ് പോര്‍ട്ടലിന്റെ പ്രത്യേകത. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്. 

തൊഴില്‍ദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കിമാത്രമേ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂ. പോര്‍ട്ടലിന്‍റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പോർട്ടൽ പൂർത്തിയാക്കിയത്. തൊഴിൽ തേടുന്നവർ ആദ്യം ചെയ്യേണ്ടത് www.statejobportal.com എന്ന വെബ് സെെറ്റ് സന്ദർശിക്കുക. തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. കൗണ്‍സലിംഗ് ,കരിയര്‍ ഗൈഡന്‍സ് സംവിധാനവും ഈ സെെറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.