എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയിരുന്നു. അത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാംങ്മൂലം നല്‍കിയത്. സെന്‍കുമാര്‍ കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് മറ്റൊരു ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്ത് നിയമിച്ചത്. പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ പൊലീസിനുണ്ടായ വീഴ്ച മറച്ചുവെച്ച് കുറ്റക്കാരെ സംരക്ഷിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചു. പ്രമാദമായ ജിഷ വധക്കേസിലെ അന്വേഷണത്തിലെ കാലതാമസവും വീഴ്ചകളും സത്യവാംങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതുപോലുള്ള സാഹചര്യങ്ങളൊക്കെ കണക്കിലെടുത്ത് മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. സെന്‍കുമാര്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയല്ല. സ്ഥലം മാറ്റം ശിക്ഷാ നടപടിയും അല്ല. സ്ഥലമാറ്റക്കാര്യങ്ങള്‍ക്ക് സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവകാശമുണ്ട്. കേരള സര്‍ക്കാരിന്റെ പൊലീസ് നിയമത്തില്‍ ഡിജിപിമാരുടെ സ്ഥലംമാറ്റത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. 

ഭരണപരമായ വിശാല താല്പര്യം മുന്‍നിര്‍ത്തി ഉന്നത പദവികളില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഇ.പി. റോയപ്പ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സെന്‍കുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ സത്യവാംങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.