തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി സെപ്റ്റംബര്‍ 12 മുതല്‍ തുടങ്ങും. തലസ്ഥാനത്തെ ഓണം ഘോഷയാത്ര ഇത്തവണ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓണാഘോഷപരിപാടിയിലെ പ്രധാന വിരുന്നായിരുന്നു കലാരൂപങ്ങളും പ്‌ളോട്ടുകളുമെല്ലാം അണിനിരക്കുന്ന തലസ്ഥാനത്തെ ഘോഷയാത്ര. ഇത്തവണ ഘോഷയാത്ര വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ആ നിലപാട് മാറ്റി വര്‍ണ്ണശബളമായ ഘോഷയാത്രയോടെ തന്നെ സര്‍ക്കാര്‍ ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്.

തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ ഓണാഘോഷങ്ങളുടെ വരവറിയിച്ച് സെപ്റ്റംബര്‍ പതിനൊന്നിന് ഓണപ്പതാക ഉയര്‍ത്തും. 12ന് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ തലസ്ഥാനത്തെ 30 വേദികളിലായി നടക്കും. തിരുവോണദിവസം ഭിന്നശേഷിയുള്ളവരുടെ കലാപരിപാടികള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.