രാജ്യത്തെ ആദ്യ പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകും നാല് ജില്ലകളില്‍ അഭയകേന്ദ്രങ്ങളൊരുക്കും തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേരളത്തിലെ നാല് ജില്ലകളിലാണ് പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രങ്ങളൊരുക്കുക. 

സാമൂഹ്യനീതി വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ലൈഫ് മിഷനുമായി സഹകരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക പരിശീലനങ്ങള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിലാണ് അഭയകേന്ദ്രങ്ങളൊരുങ്ങുന്നത്. 

തിരുവനന്തപുരത്തെ കമലേശ്വരത്തായിരിക്കും പദ്ധതിയുടെ ഭാഗമായി ആദ്യ കേന്ദ്രം നിര്‍മ്മിക്കുക. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞുവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഇരുപതോളം വ്യക്തികള്‍ക്ക് ഇവിടെ സംരക്ഷണമൊരുക്കുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹ്.പി.ബി അറിയിച്ചു.

ലൈഫ് മിഷന്റെ സഹായത്തോടെ ഏതാണ്ട് 466 വ്യക്തികളടങ്ങുന്ന പട്ടികയുണ്ടാക്കിയിട്ടുണ്ടെന്നും വൈകാതെ ഇവരെ അഭയകേന്ദ്രങ്ങള്‍ക്ക് കീഴിലെത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്കാവശ്യമായ മെഡിക്കല്‍ സഹായവും അഭയകേന്ദ്രങ്ങള്‍ക്കൊപ്പമുണ്ടാകും. 

ഇവന്റ് മാനേജ്‌മെന്റ് പരിശീലനമുള്‍പ്പെടെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തിവരികയാണ്.