Asianet News MalayalamAsianet News Malayalam

കൈനിറയെ വാഗ്ദാനങ്ങളുമായി നയപ്രഖ്യാപനം

Kerala Governor's address to assembly aims corruption free state
Author
Thiruvananthapuram, First Published Jun 23, 2016, 10:54 PM IST

തിരുവനന്തപുരം: അഴിമതിരഹിത ഭരണവും പട്ടിണിരഹിത സംസ്ഥാനവുമെന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം. വലിയ പ്രതീക്ഷയോടെയാണ് ജനം സർക്കാരിനെ നോക്കി കാണുന്നതെന്ന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചുകൊണ്ട്ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ മാറ്റം കൊണ്ട് വരുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

ക്രമസമാധാനം ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ജനപിന്തുണയോടെ തീരുമാനങ്ങൾ നടപ്പാക്കും. സാമ്പത്തിക അച്ചടക്കം നടപ്പിലാക്കും. ഐ ടി നയം രണ്ടുമാസത്തിനകം പ്രഖ്യാപിക്കും. ഐടിയുടെ കാര്യത്തില്‍ കേരളത്തെ ഇന്ത്യയിൽതന്നെ ഒന്നാമതെത്തിക്കുകയും ഇ-സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയുമാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് സൈബർ പാർക്ക് ഈവർഷം പൂർത്തിയാക്കും.എല്ലാ പ‍ഞ്ചായത്തിനും വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തും. ഇ ഗവേണൻസ് എല്ലാ പൗരന്മാർക്കും ഉപയോഗിക്കാനായി മൊബൈൽ ആപ്പ് പുറത്തിറക്കും. സെക്രട്ടറിയേറ്റ്, ജില്ലാ കേന്ദ്രങ്ങളിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും.

നവംബർ ഒന്നിന് ഗ്രാമങ്ങൾ ശുചീകരിക്കാൻ പുതിയ പദ്ധതി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളാക്കും. ജീവിതശൈലീ രോഗങ്ങളടക്കം നിരീക്ഷിക്കും. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും. ജില്ലാ ആശുപത്രികളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കും. ആശുപത്രികളിൽ ഇലക്ട്രോണിക് ഹെൽത്ത് റെക്കോഡ് സംവിധാനം നടപ്പാക്കും . എയ്ഡ്സ് രോഗികളുടെ പുരധിവാസത്തിന് പദ്ധതി.

പശ്ചാത്തല സൗകര്യവികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ടുവേണം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും. ദീർഘകാല പദ്ധതികൾ വെല്ലുവിളിയായി ഏറ്റെടുക്കും. ഇതിനായി വിദേശ ഫണ്ട് കണ്ടെത്തും. തദ്ദേശസ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കും. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നല്‍കും. വിനോദ സ‌ഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.

ജില്ലാ ഉപജില്ലാ തലങ്ങളിൽ ജനകീയ സമ്പർക്ക പരിപാടികള്‍ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ വിപണിവില നൽകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും. മൂന്ന് ലക്ഷം ഹെക്ടർ നെൽകൃഷി വ്യാപിപ്പിക്കും . നാല് ശതമാനം പലിശക്ക് കാർഷിക വായ്പ ലഭ്യമാക്കും. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കും. റബ്ബറിന്റെ താങ്ങുവില കൂട്ടാൻ കേന്ദ്രത്തിന്റെ സഹായം തേടും.

മാലിന്യ നിർമ്മാർജ്ജനത്തിന് പുതിയ പദ്ധതി നടപ്പാക്കും. ഖര-ദ്രവ്യ മാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക യൂണിറ്റുകള്‍ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കൂട്ടും. നവംബർ ഒന്നിന് ഗ്രാമങ്ങൾ ശുചീകരിക്കാൻ പുതിയ പദ്ധതി തുടങ്ങും. കുടുംബശ്രീ മാതൃകയിൽ വൃദ്ധർക്ക് സഹായപദ്ധതി ആരംഭിക്കും.

പഞ്ചവത്സരപദ്ധതി ആസൂത്രിതവും ശാസ്ത്രീയവുമാക്കും. പരിസ്ഥിതിക്ക് നാശമുണ്ടാക്കാതെ സ്വകാര്യ പദ്ധതികൾ തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വിപുലീകരിക്കും. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു

Follow Us:
Download App:
  • android
  • ios