തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം, എന്‍ ഒ സി നല്‍കിയ നടപടി എന്നീ ഉത്തരവുകളും പിന്‍വലിച്ചു. ആറന്മുള വിമാനത്താവളം വേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി.

വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി ആറന്മുള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചത്. 350 ഏക്കര്‍ സ്ഥലമാണ് വ്യാവസായിക മേഖലയായി മാറിയത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ എന്നീ പ്രദേശങ്ങളുള്‍പ്പെട്ട സ്ഥലം കെ ജി എസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യാവസായിക മേഖലയാക്കിയത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ വിജ്ഞാപനം മന്ത്രിസഭ അറിഞ്ഞല്ലായെന്നുള്ള വിവാദവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് ആറന്മുള വിമാനത്താവളവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരും നിലപാടെടുത്തത്. ഈ ഉത്തരവുള്‍പ്പെടെ മൂന്ന് ഉത്തരവുകളാണ് ഇന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ആറന്മുള വിമാനത്താവള പദ്ധതി തന്നെ ഉപേക്ഷിച്ചതിനുപിന്നാലെയാണ് ഈ നടപടികളും. മലപ്പുറം കലക്ടര്‍ ഷൈനമാളെ മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജല വകുപ്പിലേക്കാണ് മാറ്റം. സര്‍വേ ഡയറക്ടറായിരുന്ന ദേവദാസിനെ മാറ്റി പകരം കോഴിക്കോട് സബ്കലക്ടര്‍ ചന്ദ്രശേഖറിനെ ആ പദവിയില്‍ നിയമിച്ചിട്ടുണ്ട്.

kerala govt cancels 3 circular on aranmula airport project