തിരുവനന്തപുരം: ടി.പി. സെൻകുമാറിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതേടി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്ന് തന്നെ അദ്ദേഹത്തെ പോലീസ് മേധാവിയായി നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന് നേരിട്ട നാണംകെട്ട തിരിച്ചടിയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. 

സെൻകുമാറിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത തേടി സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. കോടതിയുടെ രൂക്ഷ വിമർശങ്ങൾ സർക്കാർ ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. 

കേസിൽ സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ സുപ്രീംകോടതിയുടെ വിമർശനങ്ങൾ നിരന്തരമേറ്റുവാങ്ങുന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്ന് ബിജെപി. കോടതി ചെലവായി നൽകണമെന്ന് നിർദേശിച്ചിട്ടുള്ള 25,000 രൂപ പിണറായി വിജയൻ സ്വന്തം കൈയിൽ നിന്ന് നൽകണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ ഖജനാവിലുള്ളത് ജനങ്ങളുടെ കാശാണ്. അത് മുഖ്യമന്ത്രിക്ക് തോന്നുന്നപോലെ ചെലവാക്കനുള്ളതല്ല- മുരളീധരൻ കൂട്ടിച്ചേർത്തു.