തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ മുൻ വർഷത്തെ പ്രധാന പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. കെഎസ്ആർടിസി നവീകരണം എങ്ങുമെത്തിയില്ല, ലൈംഗിക കുറ്റവാളികളുടെ രജിസ്റ്റർ തയ്യാറാക്കുമെന്ന പ്രഖ്യാപനവും വാക്കിലൊതുങ്ങി.
കെഎസ്ആർടിസിയുടെ നിലവാരം മെച്ചപ്പെടുത്തും. 250 സിഎൻജി ബസ്സിറക്കും,യാത്രക്കാർക്കായി സ്മാർട്ട് കാർഡ്, സ്ത്രീകൾക്കായി പിങ്ക് ബസ്സ് അങ്ങിനെ പ്രഖ്യാപനങ്ങൾ ഏറെ പക്ഷെ ഒരു വർഷം പിന്നിടുമ്പോൾ ശമ്പളവും പെൻഷനും കൊടുക്കാൻ പോലും പറ്റാതെ കടുത്ത കടക്കെണയിൽ കെഎസ്ആർടിസി.
30 ലക്ഷം മുടക്കി ഒരു സിഎൻജി ബസ്സ് വാങ്ങി, സിഎൻജി കിട്ടാത്തതിനാൽ ബസ്സ് ഇതുവരെ പുറം ലോകം കണ്ടില്ല, സ്ത്രീകൾക്ക് മാത്രമായി മൂന്ന് പിങ്ക് ബസ് ഇറക്കി പരീക്ഷിച്ചെങ്കിലും കലക്ഷൻ കുറഞ്ഞതോടെ പാളി. സ്മാർട്ട് കാർഡിന് കമ്പനികളെ കണ്ടെത്താൻ വിളിച്ച ടെണ്ടർ വിവാദത്തിലുമായി.
സ്ത്രീസുരക്ഷക്കായിരുന്ന കഴിഞ്ഞ നയപ്രഖ്യാപനത്തിലെ മറ്റൊരു ഊന്നൽ. സ്ഥിരമായി ലൈംഗിക കുറ്റം ചെയ്യുന്നവരുടെ രജിസ്റ്റർ തയ്യാറാക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു അവകാശവാദം. പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടും ഒരു പൊലീസ് സ്റ്റേഷനിലും അത്തരമൊരു രജിസ്റ്റർ ഇല്ല. സ്ത്രീസുരക്ഷക്ക് വകുപ്പായെങ്കിലും വകുപ്പിന്റെ ചുമതല ഏത് മന്ത്രിക്കായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല
